തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം പ്രമാണിച്ച് 4500 രൂപ ബോണസ് പ്രഖ്യാപിച്ചു. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ ലഭിക്കും.
സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കും പ്രത്യേക ഉത്സവബത്തയായി 1250 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ബോണസിന്റെയും ഉത്സവബത്തയുടെയും വിതരണം ആഗസ്റ്റ് 17 മുതൽ ആരംഭിക്കും.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസായി നൽകും. പാർട്ട് ടൈം, കണ്ടിൻജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങൾക്ക് 6000 രൂപയാണ് അഡ്വാൻസ് തുകയായി അനുവദിച്ചിരിക്കുന്നത്.

