തിരുവനന്തപുരം: സംസ്ഥാനത്ത് 2026 ജൂലൈ 29 മുതൽ ആഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 5 വരെ നീട്ടിയതായി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനുമായി ഇതിനോടകം അപേക്ഷിക്കാൻ സാധിക്കാത്ത കർഷകർക്ക് ഇതിലൂടെ ആശ്വാസമാകും.
അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ വിളനാശമാണ് ഉണ്ടായത്. അതിനാൽ അർഹരായ ഒരു കർഷകനും അപേക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് സമയപരിധി ദീർഘിപ്പിച്ചത്.
കർഷകർക്ക് കൃഷിവകുപ്പിന്റെ AIMS Portal -ൽ നേരിട്ട് രജിസ്റ്റർ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം.
പോർട്ടൽ വഴി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ നൽകാവുന്നതാണ്.
അവസാന തീയതിയായ സെപ്റ്റംബർ 5-ലേക്ക് മാറ്റിവെക്കാതെ കർഷകർ എത്രയും വേഗം അപേക്ഷ നടപടികൾ പൂർത്തിയാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

