തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണർ സംഘടിപ്പിച്ച ‘അറ്റ് ഹോം’ ചായസത്കാരത്തിൽ നിന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും 15 അംഗങ്ങളെയും ഒഴിവാക്കി.
പിഎസ്സി പരീക്ഷാക്രമക്കേടും നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ നടപടിയെന്നാണ് സൂചന. ആദ്യമായാണ് പിഎസ്സി ചെയർമാനെയും അംഗങ്ങളെയും ഈ ഔദ്യോഗിക സത്കാരത്തിലേക്ക് ക്ഷണിക്കാതിരിക്കുന്നത്.
സ്വാതന്ത്ര്യദിനത്തിൽ വൈകീട്ട് സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി, മന്ത്രിമാർ, ഹൈക്കോടതി ജഡ്ജിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ തുറകളിലെ പ്രമുഖർ എന്നിവരെ ഗവർണർ ക്ഷണിക്കാറുണ്ട്. എന്നാൽ ഇത്തവണ ഔദ്യോഗിക അതിഥി പട്ടികയിൽ നിന്ന് പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പൂർണ്ണമായി ഒഴിവാക്കുകയായിരുന്നു.

