13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങളോടെ ‘ചാറ്റ് ജി.പി.ടി. ഫോർ ടീൻസ്’ (ChatGPT for Teens) അവതരിപ്പിച്ച് ഓപ്പൺ എ.ഐ. കൗമാരക്കാർക്കിടയിൽ എ.ഐ. ചാറ്റ്‌ബോട്ടുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും, വൈകാരികമായി ഇവയെ അമിതമായി ആശ്രയിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലുമാണ് പുതിയ നടപടി.
ആത്മഹത്യ, സ്വയം ഉപദ്രവിക്കൽ, ലൈംഗിക-പ്രണയപരമായ സംഭാഷണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങളാണ് ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താവിനോട് ചാറ്റ്‌ബോട്ടിന് വ്യക്തിപരമായ വികാരങ്ങളുണ്ടെന്ന് തോന്നിക്കുന്ന തരത്തിലുള്ള വൈകാരിക പ്രതികരണങ്ങൾ നൽകുന്നതിനും വിലക്കുണ്ട്.
പഠന ആവശ്യങ്ങൾക്കും ഗൃഹപാഠങ്ങൾക്കും വിദ്യാർഥികളെ സഹായിക്കാൻ പ്രത്യേക സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരങ്ങൾ നൽകുന്നതിന് പകരം, സ്വയം ചിന്തിച്ച് ശരിയായ ഉത്തരത്തിലെത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.

