തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) നടത്തിയ ബ്ലീച്ചിങ് പൗഡർ പർച്ചേസിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി.
നേരത്തെ വിഷയത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ആരോഗ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണം ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതും വെള്ളപൂശുന്നതുമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് കേസ് വിജിലൻസിന് വിടാൻ മന്ത്രി ശുപാർശ ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മഴക്കാല പൂർവ ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് കെ.എം.എസ്.സി.എൽ ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ വലിയ അഴിമതി നടന്നെന്നാണ് ആരോപണം.

