തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

