എംവിഡി സേവനങ്ങളിൽ മാറ്റം: 60 സേവനങ്ങൾക്ക് ആധാർ ഒടിപി നിർബന്ധമാക്കി

30 August 2026
എംവിഡി സേവനങ്ങളിൽ മാറ്റം: 60 സേവനങ്ങൾക്ക് ആധാർ ഒടിപി നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പുമായി (MVD) ബന്ധപ്പെട്ട സേവനങ്ങളിൽ ഇടനിലക്കാരുടെയും ഏജന്റുമാരുടെയും ഇടപെടൽ ലഘൂകരിക്കുന്നതിനായി നിർണായക നടപടിയുമായി സർക്കാർ.

വാഹനങ്ങളുമായി ബന്ധപ്പെട്ട 60 പ്രധാന സേവനങ്ങൾ ലഭിക്കുന്നതിന് സെപ്റ്റംബർ 21 മുതൽ ആധാർ ഒടിപി (OTP) നിർബന്ധമാക്കി. ഇടനിലക്കാർ അപേക്ഷകരിൽനിന്ന് ഉയർന്ന തുക ഈടാക്കി ചൂഷണം ചെയ്യുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നീക്കം.

മലപ്പുറം കിഴിശ്ശേരിയിൽ ഓട്ടോ ഡ്രൈവറായ ഷൗക്കത്ത് ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥരുടെ പീഡനവും കൈക്കൂലി ആവശ്യവുമാണ് തന്റെ മരണത്തിന് കാരണമെന്ന് ഷൗക്കത്തിന്റെ കുറിപ്പിൽ പരാമർശിച്ചിരുന്നു.

സെപ്റ്റംബർ 21 മുതൽ 60 സേവനങ്ങൾക്ക് ആധാർ അധിഷ്ഠിത ഒടിപി വെരിഫിക്കേഷൻ നടപ്പിലാക്കും. വാഹന ഫിറ്റ്നസ് പരിശോധനയ്ക്കായി അപേക്ഷകർ വാഹൻ (Vahan) പോർട്ടൽ വഴി നേരിട്ട് സ്ലോട്ടുകൾ ബുക്ക് ചെയ്യണം. പരിശോധനകളിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ എല്ലാ ജില്ലകളിലും എടിഎസുകൾ സ്ഥാപിക്കും. കൊല്ലം, ആലപ്പുഴ ജില്ലകളിലായി മൂന്ന് എടിഎസുകൾ ഇതിനോടകം പ്രവർത്തനക്ഷമമായിട്ടുണ്ട്.