തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ചിറയിൻകീഴിലാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ സംഭവം അരങ്ങേറിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് എംഎൽഎ ആരോപിച്ചപ്പോൾ, എംഎൽഎയും സംഘവുമാണ് തങ്ങളെ ആക്രമിച്ചതെന്ന് ജില്ലാ പഞ്ചായത്തംഗം സജിത്തും പ്രതികരിച്ചു. സംഘർഷത്തിൽ പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെന്റേഷൻ ഉദ്യോഗസ്ഥരുടെയും ഒരു യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് വിവിധ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ യോഗത്തിൽ പിഎ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക കോൺഗ്രസ് നേതാവ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തിയിരുന്നു.
എംഎൽഎയും പിഎയും അടക്കമുള്ള സംഘം പ്രസ്തുത കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്ക് നേരിട്ടെത്തി വിശദീകരണം ചോദിച്ചു. ഇതിനിടയിലാണ് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ‘എന്റെ കൈ വിടടാ’ എന്ന് എംഎൽഎ വിളിച്ചുപറയുന്നതും, ‘നീയാരാടാ’ എന്ന് ചോദിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യമായ ഏറ്റുമുട്ടലിലേക്ക് വഴിമാറിയത് കോൺഗ്രസ് നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

