മൂന്നാർ: മൂന്നാറിൽ വംശനാശഭീഷണി നേരിടുന്നതും കർശന സംരക്ഷണമുള്ളതുമായ നീലക്കുറിഞ്ഞി പൂക്കൾ പറിച്ച് തലയിൽ ചൂടുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇടുക്കി, എറണാകുളം സ്വദേശികളാണ് ഇവരെന്നാണ് സൂചന.
ഇവർ കുറിഞ്ഞിപ്പൂക്കൾ പറിച്ച് തലയിൽ ചൂടിയും പൂച്ചെണ്ടായി കയ്യിൽപിടിച്ചും ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് മൂന്നാർ ഡിഎഫ്ഒയുടെ കർശന നിർദേശപ്രകാരമാണ് വനംവകുപ്പ് കേസെടുത്തത്.
നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് സന്ദർശകർ പാലിക്കേണ്ട മാർഗനിർദേശങ്ങളെക്കുറിച്ച് വനംവകുപ്പ് നേരത്തെ കർശന മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് മൂന്നുവർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിച്ചേക്കാം.

