അട്ടപ്പാടി ഭവാനിപ്പുഴയിൽ തലയറുത്ത നിലയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

7 September 2026
അട്ടപ്പാടി ഭവാനിപ്പുഴയിൽ തലയറുത്ത നിലയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് യുവതിയെയും അഞ്ചു വയസുള്ള പെൺകുഞ്ഞിനെയും തലയറുത്ത് കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. സംഭവത്തിൽ പോലീസും ഫോറൻസിക് വിദഗ്ധരും ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി.

കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസ്സും കുട്ടിക്ക് 5 വയസ്സുമാണ് പ്രായം കണക്കാക്കുന്നത്. മൃഗീയമായി നടപ്പാക്കിയ ഈ കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹങ്ങളിൽ അടിവസ്ത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. ശരീരഭാഗങ്ങൾ രണ്ട് ചാക്കുകളിലും ഇവരുടെ തലകൾ മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിയത്. തലയും ഉടലും വേർപെടുത്താൻ മൂർച്ചയേറിയ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു.

കണ്ടെടുത്ത മൃതദേഹങ്ങൾക്ക് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. മൂന്ന് ദിവസം മുൻപ് വരെ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ, മറ്റ് സ്ഥലങ്ങളിൽ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കിവിട്ടതാകാനാണ് സാധ്യത.

സംഭവത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ചും പ്രതികളെക്കുറിച്ചും നിർണായക സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് സമീപകാലത്ത് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരുന്നു.