കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് നാലു ലക്ഷത്തിന്റെ ടെലസ്കോപ്പ് മോഷണം പോയി; പോലീസെത്തിയപ്പോൾ മാത്രം വിവരമറിഞ്ഞ് അധികൃതർ

7 September 2026
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് നാലു ലക്ഷത്തിന്റെ ടെലസ്കോപ്പ് മോഷണം പോയി; പോലീസെത്തിയപ്പോൾ മാത്രം വിവരമറിഞ്ഞ് അധികൃതർ

മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വിഭാഗത്തിൽ നിന്ന് നാലു ലക്ഷം രൂപ വിലമതിക്കുന്ന ടെലസ്കോപ്പ് മോഷണം പോയി. മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസ് പിടികൂടിയ വള്ളിക്കുന്ന് സ്വദേശി ദിൽഷാദിൽ നിന്നാണ് പോലീസ് ഈ ടെലസ്കോപ്പ് കണ്ടെടുത്തത്. പോലീസ് സർവകലാശാലയിലെത്തി വിവരം കൈമാറിയപ്പോഴാണ് വിലപിടിപ്പുള്ള ഉപകരണം മോഷ്ടിക്കപ്പെട്ട കാര്യം അധികൃതർ പോലും അറിയുന്നത്.

സംഭവത്തെ തുടർന്ന് സർവകലാശാല അധികൃതർ തേഞ്ഞിപ്പലം പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. ക്യാമ്പസിനകത്തുള്ളവരുടെ സഹായമില്ലാതെ ഫിസിക്സ് വിഭാഗത്തിൽ നിന്ന് ഇത്രയും വലിയൊരു ഉപകരണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മോഷണക്കേസിൽ പിടിയിലായ പ്രതി ദിൽഷാദിനെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.