പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. കൊല്ലപ്പെട്ടത് അട്ടപ്പാടിയിലെ തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശിയുടെ ഭാര്യയും മകളുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ശേഷം ബംഗാളിലേക്ക് കടന്ന പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇവർ താമസിച്ചിരുന്ന ഷെഡ്ഡിലോ സമീപത്തെ തോട്ടത്തിലോ വെച്ചല്ല കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവിടെ പിടിവലി നടന്നതിന്റെയോ രക്തക്കറയുടെയോ ലക്ഷണങ്ങളില്ല. പുഴയിൽ വെച്ചുതന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേർന്നിരിക്കുന്നത്.
ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. 20 ദിവസം മുൻപ് മാത്രമാണ് ഈ കുടുംബം അട്ടപ്പാടിയിൽ എത്തിയത്.
രണ്ട് ചാക്കുകളിലായി മൂന്ന് ഭാഗങ്ങളാക്കിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവയ്ക്ക് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹങ്ങൾ പൊതിയാൻ ഉപയോഗിച്ച ഒരു ചാക്കിലെ എഴുത്തുകളാണ് കേസന്വേഷണത്തിൽ വലിയ വഴിത്തിരിവായത്. പശുവിനെ മേയ്ക്കാൻ പോയ നാട്ടുകാരാണ് പുഴയിൽ സംശയകരമായ സാഹചര്യത്തിൽ ചാക്കുകൾ കണ്ട് പൊലീസിനെ വിവരമറിയിച്ചത്.

