പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെയും നാലു വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രോവത് ദാസ് പശ്ചിമബംഗാളിൽ വെച്ച് പിടിയിലായി. പാലക്കാട് നിന്ന് കൊൽക്കത്തയിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. അഗളി എസ്.ഐ എച്ച്. ഹർഷദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കോയമ്പത്തൂരിൽ നിന്ന് വിമാനമാർഗ്ഗമാണ് ബംഗാളിലേക്ക് തിരിച്ചത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെങ്കിലും, കൊല്ലപ്പെട്ടത് തന്റെ ഭാര്യയോ കുഞ്ഞോ അല്ലെന്ന ഞെട്ടിക്കുന്ന മൊഴിയാണ് നൽകിയിരിക്കുന്നത്. രണ്ടുമാസത്തെ പരിചയം മാത്രമുള്ള യുവതിയെയും കുഞ്ഞിനെയുമാണ് താൻ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് വ്യക്തമാക്കിയത്.
രണ്ടു ദിവസം മുൻപാണ് അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ 30 വയസ്സ് പ്രായമുള്ള യുവതിയുടെയും നാല് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തല വെട്ടിമാറ്റിയ നിലയിൽ ഒരു ചാക്കിലും ശരീരഭാഗങ്ങൾ മറ്റ് രണ്ട് ചാക്കുകളിലുമായാണ് പുഴയിൽ തള്ളിയിരുന്നത്. തോട്ടം തൊഴിലാളിയായി അട്ടപ്പാടിയിലെത്തിയ പ്രതി, കൊലപാതകത്തിന് ശേഷം ബംഗാളിലേക്ക് കടക്കുകയായിരുന്നു.
കൃത്യം നടത്താനുണ്ടായ യഥാർത്ഥ കാരണവും കൊല്ലപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും കണ്ടെത്താൻ പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.

