തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന അന്തരീക്ഷ താപനില തുടരുന്നതിനിടെ, അപ്രതീക്ഷിത രാത്രികാല വൈദ്യുതി മുടക്കം മൂലം ജനജീവിതം ദുസ്സഹമാകുന്നു. വൈകീട്ട് 6:30 മുതൽ രാത്രി 12:30 വരെയുള്ള പീക്ക് സമയങ്ങളിൽ മുൻകൂട്ടി കൃത്യമായ സമയക്രമം അറിയിക്കാതെയാണ് പലയിടങ്ങളിലും വൈദ്യുതി വിച്ഛേദിക്കുന്നത്.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ അരമണിക്കൂർ മുതൽ ഒരു മണിക്കൂറിലേറെ വരെ ഇടവിട്ട് വൈദ്യുതി മുടങ്ങുന്നുണ്ട്. ചില പ്രദേശങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്.
ഏത് പ്രദേശത്ത് ഏത് സമയത്ത് എത്ര മിനിറ്റ് വൈദ്യുതി മുടങ്ങുമെന്ന് മുൻകൂട്ടി അറിയിക്കണമെന്ന് സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ കർശന നിർദേശമുണ്ടായിരുന്നെങ്കിലും കെഎസ്ഇബി ഇത് പാലിക്കുന്നില്ല. വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം എന്ന പൊതു അറിയിപ്പ് മാത്രമാണ് കെഎസ്ഇബി നൽകുന്നത്. കൃത്യമായ സമയക്രമം ലഭിക്കാത്തതിനാൽ ജനങ്ങൾക്ക് മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്താൻ കഴിയുന്നില്ല.
ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം വൻതോതിൽ ഉയർന്നതും ദേശീയ തലത്തിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ബോർഡ് വ്യക്തമാക്കുന്നു.

