മോർഫിങ് കേസ്: പ്രമോഷന് പ്രത്യേക ടെലിഗ്രാം ഗ്രൂപ്പുകൾ; ഗ്രൂപ്പിലെ അംഗങ്ങളും കുടുങ്ങും

9 September 2026
മോർഫിങ് കേസ്: പ്രമോഷന് പ്രത്യേക ടെലിഗ്രാം ഗ്രൂപ്പുകൾ; ഗ്രൂപ്പിലെ അംഗങ്ങളും കുടുങ്ങും

കാക്കനാട്: തൃക്കാക്കര ഭാരതമാത കോളജിലെ മോർഫിങ് കേസിൽ അറസ്റ്റിലായ പ്രതികൾ പണം തട്ടാൻ സിനിമാ പ്രമോഷന് സമാനമായി പ്രചാരണം നടത്തിയതിന്റെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. സോഷ്യൽ മീഡിയ വഴി ആളുകളെ ആകർഷിച്ച് പ്രൈവറ്റ് പെയ്ഡ് ഗ്രൂപ്പുകളിൽ എത്തിച്ചാണ് പ്രതികൾ സാമ്പത്തിക ലാഭമുണ്ടാക്കിയിരുന്നത്.

ആളുകളെ ആകർഷിക്കാൻ പ്രത്യേകം ടെലിഗ്രാം ചാനലുകൾ ഉണ്ടാക്കി മോർഫ് ചെയ്ത ചിത്രങ്ങളുടെ ചെറിയ ഭാഗങ്ങളും ഒറിജിനൽ ചിത്രങ്ങളും ഒരുമിച്ചിടും. ഇത് യഥാർത്ഥ നഗ്നചിത്രങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് ആളുകൾ പെയ്ഡ് ഗ്രൂപ്പുകളിൽ ചേരുന്നത്.

പ്രചാരണത്തിനായി മാത്രം തുടങ്ങിയ ഒരു ടെലിഗ്രാം ചാനലിൽ മാത്രം 1,500-ഓളം പേർ അംഗങ്ങളായുണ്ടെന്ന് കണ്ടെത്തി. വ്യാജ പേരുകളിൽ നിർമ്മിച്ച ഇത്തരം പ്രൈം പെയ്ഡ് ഗ്രൂപ്പുകളിൽ കയറാൻ 250 മുതൽ 500 രൂപ വരെയാണ് പ്രതികൾ ഈടാക്കിയിരുന്നത്.

ഗൂഗിൾ പേ വഴി പണം കൈമാറ്റം ചെയ്തതിന്റെ കൃത്യമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ ചില അംഗങ്ങളും നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്.

കേസിൽ അറസ്റ്റിലായ ഭാരതമാത കോളജ് ബിബിഎ വിദ്യാർഥി എസ്. ശ്രീഹരിയും മാവേലിക്കര ഐഎച്ച്ആർഡി കോളജ് ബികോം വിദ്യാർഥി സനീഷും തമ്മിൽ നേരത്തെ വലിയ ബന്ധമുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയ വഴിയുള്ള പരിചയമാണ് ചിത്രങ്ങൾ കൈമാറുന്നതിലേക്കും തട്ടിപ്പിലേക്കും എത്തിച്ചത്.