ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

10 September 2026
ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത ചൂടിനും വരണ്ട കാലാവസ്ഥയ്ക്കും ആശ്വാസമായി ഇന്നു മുതൽ പരക്കെ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി വടക്കൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലുമായി പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. ഇതിൻ്റെ ഭാഗമായി സെപ്റ്റംബർ 12 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മഴ പെയ്യുന്നതോടെ സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഏകദേശം 800 മെഗാവാട്ടിൻ്റെ ലഭ്യതക്കുറവാണ് കെഎസ്ഇബി നേരിടുന്നത്. ഇതുമൂലം പലയിടങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നത് പതിവായിട്ടുണ്ട്. മഴ ലഭിക്കുന്നതോടെ അന്തരീക്ഷ താപനില കുറയുകയും തന്മൂലം വൈദ്യുതി ഉപഭോഗം കുറയുകയും ചെയ്യുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.