മഴ മുന്നറിയിപ്പ് പിൻവലിച്ചു; സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത

11 September 2026
മഴ മുന്നറിയിപ്പ് പിൻവലിച്ചു; സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സാധ്യത മങ്ങുന്നു. വരുംദിവസങ്ങളിൽ മഴ മുന്നറിയിപ്പുകൾ പൂർണ്ണമായും പിൻവലിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ, വരുന്ന രണ്ടുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്.

സാധാരണ രേഖപ്പെടുത്താറുള്ളതിനേക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. വെള്ളിയാഴ്ച രാവിലെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം പുനലൂരിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത് — 35.2 ഡിഗ്രി സെൽഷ്യസ്. പാലക്കാട് ജില്ലയിലും ചൂട് ഉയർന്ന് 35 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി.

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സൂര്യാഘാതവും നിർജ്ജലീകരണവും ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.