മരണത്തിലും മാതൃകയായി യുവസൈനികൻ: അവയവദാനത്തിലൂടെ ഏഴുപേർക്ക് പുതുജീവൻ നൽകി രാഹുൽ രാജീവ് യാത്രയായി

12 September 2026
മരണത്തിലും മാതൃകയായി യുവസൈനികൻ: അവയവദാനത്തിലൂടെ ഏഴുപേർക്ക് പുതുജീവൻ നൽകി രാഹുൽ രാജീവ് യാത്രയായി

കൊല്ലം: മാതൃരാജ്യത്തെ സേവിച്ച അതേ സ്നേഹത്തോടെയും ആത്മസമർപ്പണത്തോടെയും മരണത്തിലും മാതൃകയായി യുവസൈനികൻ. സ്വന്തം അവയവങ്ങൾ ദാനം ചെയ്ത് ഏഴുപേർക്ക് പുതുജീവൻ പകർന്നുനൽകിയാണ് കൊല്ലം കല്ലുവാതുക്കൽ സ്വദേശി രാഹുൽ രാജീവ് (30) യാത്രയായത്.

ഏറെക്കാലമായി ഹിമാചൽപ്രദേശിൽ ആർമി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന രാഹുൽ അടുത്തിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച രാഹുലിനെ തിരുവനന്തപുരം ഈഞ്ചക്കല്ലിലെ എസ്.പി. മെഡിഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്.

നേരത്തെ തന്നെ മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരുന്ന വ്യക്തിയായിരുന്നു രാഹുൽ. വേർപാടിന്റെ തീരാവേദനയ്ക്കിടയിലും രാഹുലിന്റെ ആഗ്രഹപ്രകാരം അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. രാഹുലിന്റെ വൃക്കകൾ, ഹൃദയ വാൽവ്, കരൾ, ചർമം, കോർണിയ എന്നിവയാണ് ഏഴുപേർക്കായി ദാനം ചെയ്തത്.