ഉപയോക്താക്കളുടെ ചാറ്റുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ ഉപയോക്താക്കളിൽ ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ (Restricted Chat) ഫീച്ചറിന്റെ പരീക്ഷണം കമ്പനി ആരംഭിച്ചു.
വ്യക്തിഗത സംഭാഷണങ്ങളും സുപ്രധാന വിവരങ്ങളും ചോരുന്നത് തടയുകയാണ് ഈ പുതിയ സംവിധാനത്തിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്.
നിലവിലുള്ള ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി’ ഫീച്ചറിന്റെ നവീകരിച്ച രൂപമാണ് റെസ്ട്രിക്റ്റഡ് ചാറ്റ്. ഒരു ചാറ്റിൽ ഈ ഫീച്ചർ ഓൺ ചെയ്യുന്നതോടെ നാല് പ്രധാന നിയന്ത്രണങ്ങളാണ് നിലവിൽ വരുന്നത്:
- ഗാലറി സേവിങ് തടയും: ചാറ്റിലൂടെ ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫോൺ ഗാലറിയിലേക്ക് സ്വയം സേവ് ആകില്ല.
- ചാറ്റ് എക്സ്പോർട്ട് ചെയ്യാനാകില്ല: ഈ ചാറ്റിലെ സന്ദേശങ്ങൾ പുറത്തേക്ക് എക്സ്പോർട്ട് ചെയ്യാൻ സാധിക്കില്ല.
- മെറ്റാ എഐ നിയന്ത്രണം: നിർദ്ദിഷ്ട ചാറ്റുകൾക്കുള്ളിൽ മെറ്റാ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ കഴിയില്ല.
- ലിങ്ക്ഡ് ഡിവൈസുകളിൽ ലഭ്യമാകില്ല: കണക്റ്റ് ചെയ്തിട്ടുള്ള മറ്റ് ഡിവൈസുകളിൽ (Linked devices) ഈ ചാറ്റ് കാണാനോ ഉപയോഗിക്കാനോ കഴിയില്ല.
ഇതിൽ ലിങ്ക്ഡ് ഡിവൈസുകളിലെ നിയന്ത്രണമാണ് ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അനൗദ്യോഗിക വാട്സ്ആപ്പ് ആപ്പുകളും മൂന്നാം കക്ഷി എഐ ടൂളുകളും സാധാരണയായി ലിങ്ക്ഡ് ഡിവൈസ് വഴിയാണ് സന്ദേശങ്ങൾ ചോർത്തുന്നത്. റെസ്ട്രിക്റ്റഡ് ചാറ്റ് ഓൺ ചെയ്യുന്നതോടെ പ്രൈമറി ഫോണിൽ മാത്രമായിരിക്കും സന്ദേശങ്ങൾ കാണാൻ സാധിക്കുക.
ഏതെങ്കിലും ഒരു ഉപയോക്താവ് ചാറ്റിൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയാൽ, അത് വ്യക്തമാക്കിക്കൊണ്ടുള്ള മെസ്സേജ് ചാറ്റിലുള്ള മറ്റുള്ളവർക്കും ദൃശ്യമാകും. പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ വൈകാതെ തന്നെ എല്ലാവർക്കുമായി ലഭ്യമാകും.

