ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമി ഫൈനലിലേക്ക് മുന്നേറി.
നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 സമനില പാലിച്ചതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലാണ് അർജന്റീന വിജയം ഉറപ്പിച്ചത്. സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.
മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയ അർജന്റീന പത്താം മിനിറ്റിൽ തന്നെ മുന്നിലെത്തി. ലയണൽ മെസ്സിയുടെ കോർണർ കിക്ക് മികച്ചൊരു ഹെഡറിലൂടെ മാക് അല്ലിസ്റ്റർ സ്വിസ്സ് വലയിലെത്തിക്കുകയായിരുന്നു.
നിരവധി ഗോൾ അവസരങ്ങൾ അർജന്റീന സൃഷ്ടിച്ചെങ്കിലും ലീഡ് ഉയർത്താൻ കഴിഞ്ഞില്ല. ഇതിനിടെ 67-ാം മിനിറ്റിൽ ഡാൻ എൻഡോയെയിലൂടെ സ്വിറ്റ്സർലൻഡ് സമനില ഗോൾ നേടി.
112-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നും ഹൂലിയൻ അൽവാരസ് ഉതിർത്ത ഒരു ലോങ് റേഞ്ച് ബുള്ളറ്റ് ഷൂട്ട് അർജന്റീനയ്ക്ക് കാത്തിരുന്ന ലീഡ് സമ്മാനിച്ചു.
എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിൽ സ്വിറ്റ്സർലൻഡിന്റെ ഒരു കോർണർ കിക്ക് തടഞ്ഞ് അർജന്റീന നടത്തിയ തകർപ്പൻ കൗണ്ടർ അറ്റാക്കിനൊടുവിൽ ലൗട്ടാര മാർട്ടിനസ് മൂന്നാം ഗോളും നേടി വിജയം പൂർത്തിയാക്കുകയായിരുന്നു.

