ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രഭൂമിയായ ആലപ്പുഴ വലിയ ചുടുകാട്ടിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മുൻ മന്ത്രി ടി.വി. തോമസിനും സ്മാരകങ്ങൾ ഉയരുന്നു.
രക്തസാക്ഷി സ്മാരക ഭൂമിയിലെ അവകാശവാദങ്ങളെച്ചൊല്ലി സി.പി.ഐയും സി.പി.എമ്മും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിലാണ് ഇരു നേതാക്കൾക്കും സ്മാരകം നിർമ്മിക്കാൻ സമവായമായത്.
നേതാക്കൾക്കായി പ്രത്യേകം സ്മാരകങ്ങൾ നിർമ്മിക്കില്ലെന്ന വലിയ ചുടുകാട്ടിലെ പൊതുധാരണ വി.എസിന് സ്മാരകം ഒരുക്കുന്നതിലൂടെ സി.പി.എം ലംഘിച്ചെന്നായിരുന്നു സി.പി.ഐയുടെ പ്രധാന ആക്ഷേപം. പുന്നപ്ര-വയലാർ സമരനായകൻ എന്ന പരിഗണന നൽകി വി.എസിന് സ്മാരകം വേണമെന്ന താല്പര്യം സി.പി.എമ്മും അദ്ദേഹത്തിന്റെ കുടുംബവും മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ, ഇതേ സമരത്തിന്റെ മറ്റൊരു മുൻനിര നായകനായ ടി.വി. തോമസിനും സ്മാരകം വേണമെന്ന നിലപാടിൽ സി.പി.ഐ ഉറച്ചുനിന്നതോടെയാണ് ഇരുവർക്കും സ്മാരകം പണിയാമെന്ന ധാരണയിൽ ഇരുപാർട്ടികളും എത്തിയത്.
സ്മാരകത്തിന്റെ രൂപകൽപ്പനയെച്ചൊല്ലിയും ഇരുപാർട്ടികളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. വി.എസ് സ്മാരകത്തിന് ചുവർ ഭിത്തി നിർമ്മിച്ചാൽ അവിടെയുള്ള മറ്റ് പ്രതിമകൾ മറഞ്ഞുപോകുമെന്ന് സി.പി.ഐ വാദിച്ചു. തുടർന്നുണ്ടായ ചർച്ചകൾക്കൊടുവിൽ വിവാദമായ ചുവർ ഭിത്തി ഒഴിവാക്കാൻ സി.പി.എം സമ്മതിക്കുകയായിരുന്നു.
വരുന്ന 21-ാം തീയതി വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വെച്ച്പിണറായി വിജയൻ വി.എസ്. അച്യുതാനന്ദൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അദ്ദേഹത്തിന്റെ ചരമവാർഷികത്തിന് മുന്നോടിയായി ടി.വി. തോമസിന്റെ സ്മാരക നിർമ്മാണവും പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.

