ന്യൂഡൽഹി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനായി (മോഡിഫിക്കേഷൻ) പ്രത്യേക മാനദണ്ഡങ്ങളോ സവിശേഷതകളോ രൂപവത്കരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പൊതുസുരക്ഷ മുൻനിർത്തി വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കാനുള്ള അധികാരം മാത്രമാണ് സംസ്ഥാനങ്ങൾക്കുള്ളതെന്നും കേന്ദ്രം അറിയിച്ചു.
രാജ്യസഭയിൽ സി.പി.എം. അംഗം വി. ശിവദാസന്റെ ചോദ്യത്തിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
1988-ലെ മോട്ടോർ വാഹന നിയമത്തിലെ 52 (1) വകുപ്പ് പ്രകാരം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ വിവരങ്ങളിൽ വ്യത്യാസം വരുന്ന രീതിയിൽ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ പാടില്ല.
വാഹനങ്ങളിൽ വരുത്താവുന്ന അനുവദനീയമായ മാറ്റങ്ങൾ കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കും കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾക്കും വിധേയമായി മാത്രമേ നടത്താവൂ.
പൊതുജനങ്ങളുടെ സുരക്ഷ പ്രമാണിച്ച് വേഗപരിധി നിശ്ചയിക്കുന്നതിൽ മാത്രമാണ് സംസ്ഥാന സർക്കാരുകൾക്ക് നിയമാനുസൃതമായ അധികാരമുള്ളത്.

