കണ്ണൂർ: പോലീസിനെയും ഭരണസംവിധാനങ്ങളെയും വെല്ലുവിളിക്കാൻ ഒരു ആയങ്കിയേയും അനുവദിക്കില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ.
പോലീസിനെ വെല്ലുവിളിച്ചു എന്നത് അർജുൻ ആയങ്കിയുടെ തോന്നൽ മാത്രമാണെന്നും ഇത്തരക്കാർക്ക് ലഭിക്കുന്ന വീരപരിവേഷം താത്കാലികമായ ഒരു ‘ഷോ’ മാത്രമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഒരുപരിധിവിട്ട് വളർന്നുവെന്ന തോന്നൽ ആയങ്കിക്ക് ഉണ്ടെന്ന് മനസ്സിലായപ്പോൾത്തന്നെ ഇയാളെ നിയമപരമായി പൂട്ടാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിരുന്നു. ആഭ്യന്തരമന്ത്രിയുടെ കൃത്യമായ നിർദേശപ്രകാരമാണ് പോലീസ് നീക്കങ്ങൾ നടത്തിയത്.
മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായിരുന്ന സമയത്ത് പോലീസ് സാധാരണ നിലയിലുള്ള നടപടികളുമായി കാത്തിരിക്കുകയായിരുന്നു. എന്നാൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയും, തുടർന്ന് പോലീസ് തിരച്ചിൽ ഊർജിതമാക്കി പിടി കൂടുകയുമായിരുന്നു.
പോലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെത്തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പോലീസിനെതിരെ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളികൾ ഉയർത്തുന്നവരും, അതിനെ ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും പ്രോത്സാഹിപ്പിക്കുന്നവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.
ചെയ്ത കുറ്റങ്ങൾക്ക് നിയമപരമായ അർഹമായ ശിക്ഷ പ്രതിക്ക് ഉറപ്പാക്കുമെന്നും എ.ഡി.ജി.പി. വ്യക്തമാക്കി.

