കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്പോൺസർമാർക്കെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണം. സ്റ്റേഡിയത്തിൽ അത്യാധുനിക ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ച റഷ്യൻ കമ്പനി, കരാർ തുക നൽകിയില്ലെന്ന് കാണിച്ച് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ നിയമനടപടി ആരംഭിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫ്ലഡ് ലൈറ്റുകൾക്കായി ആദ്യം 6 കോടിയിലധികം രൂപയുടെ കൊട്ടേഷനാണ് നൽകിയിരുന്നതെങ്കിലും ചർച്ചകൾക്കൊടുവിൽ തുക കുറച്ചിരുന്നു. എന്നാൽ ഇതിൽ ₹1.4 കോടി രൂപ മാത്രമാണ് മുൻകൂറായി കമ്പനിക്ക് ലഭിച്ചത്.
ഫ്ലഡ് ലൈറ്റ് സ്ഥാപിക്കൽ പൂർത്തിയായി 8 മാസം പിന്നിട്ടിട്ടും ബാക്കി തുക നൽകാൻ സ്പോൺസർമാർ തയ്യാറായിട്ടില്ല.
പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ GCDA വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കമ്പനി ആവശ്യപ്പെട്ടു. കരാർ ലംഘനം നടത്തിയ സ്പോൺസർക്കെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം.

