ഓണപ്പരീക്ഷ തിയതിയിൽ മാറ്റം: 21-ാം തീയതിയിലെ പരീക്ഷ മാറ്റി

15 August 2026
ഓണപ്പരീക്ഷ തിയതിയിൽ മാറ്റം: 21-ാം തീയതിയിലെ പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തി. ഓണാഘോഷം നിശ്ചയിച്ചിരുന്ന ദിവസത്തെ പരീക്ഷയാണ് മാറ്റിവെച്ചത്. ഓഗസ്റ്റ് 21-ാം തിയതി നടക്കേണ്ടിയിരുന്ന എട്ടാം ക്ലാസിലെ പരീക്ഷ ഓണാവധിക്ക് ശേഷം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

സ്കൂളുകളിലെ ഓണാഘോഷവും പരീക്ഷയും ഒരേ ദിവസം തന്നെ വരുന്നത് കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഓണം ആസ്വദിക്കാൻ പരീക്ഷാ മാറ്റം വിദ്യാർത്ഥികൾക്ക് സഹായകമാകും.

പരീക്ഷ മാറ്റിയതോടെ ആഗസ്റ്റ് 21-ന് വിപുലമായ ഓണാഘോഷ പരിപാടികളോടെ സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും. ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന സെപ്റ്റംബർ ഒന്നിന് മാറ്റിവെച്ച എട്ടാം ക്ലാസിലെ പരീക്ഷ നടക്കും.