സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ: സാങ്കേതിക തകരാറെന്ന് വെളിപ്പെടുത്തൽ

15 August 2026
സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ: സാങ്കേതിക തകരാറെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെയും വ്യക്തികളുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി മെറ്റ. എഐ (AI) സിസ്റ്റം അപ്‌ഗ്രേഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതിക പിഴവാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെടാൻ കാരണമായതെന്ന് മെറ്റ വ്യക്തമാക്കി.

നിലവിൽ തകരാറുകൾ പൂർണ്ണമായി പരിഹരിച്ചതായും നീക്കം ചെയ്യപ്പെട്ട എല്ലാ കണ്ടന്റുകളും പുനഃസ്ഥാപിച്ചതായും മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗത്തെ അറിയിച്ചു.

കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ അപ്‌ഗ്രേഡേഷന്റെ ഭാഗമായി കണ്ടന്റുകൾ തടയപ്പെട്ടിട്ടുണ്ടെന്ന് സൈബർ ഓപ്പറേഷൻ വിങ്ങിന് അയച്ച മറുപടിയിൽ മെറ്റ ചൂണ്ടിക്കാട്ടി. നീക്കം ചെയ്ത പോസ്റ്റുകൾ തിരികെ ലഭ്യമായിട്ടുണ്ടെന്ന് കേരള പോലീസിന്റെ സൈബർ വിങ്ങും സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ പങ്കുവെച്ച പോസ്റ്റുകൾ കൂട്ടത്തോടെ നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും സംസ്ഥാന സർക്കാരിനുമെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നുവന്നിരുന്നു. സർക്കാരിന്റെ ഇടപെടൽ മൂലമാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതെന്ന രീതിയിലുള്ള പ്രചാരണങ്ങൾ ശക്തമായതോടെയാണ് സംഭവത്തിൽ അടിയന്തര വിശദീകരണം തേടി കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിങ് മെറ്റയ്ക്ക് ഔദ്യോഗികമായി കത്തയച്ചത്.