ആലപ്പുഴ: പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ അംഗങ്ങളെയും ഹരിതകർമസേനാംഗങ്ങളെയും നിർബന്ധിച്ച് പങ്കെടുപ്പിക്കേണ്ടതില്ലെന്ന് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.
അംഗങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം പങ്കെടുത്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. ‘ഓണം കുടുംബശ്രീക്കൊപ്പം’ വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്തിനനുസരിച്ച് കുടുംബശ്രീ 2.0-യിലേക്ക് കടക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും, സ്ത്രീകളുടെ വ്യക്തിത്വം തിരിച്ചറിയാൻ സഹായിച്ച ഈ പ്രസ്ഥാനത്തിന് ഇനി വേണ്ടത് ലിംഗതുല്യതയല്ല മറിച്ച് ലിംഗനീതിയാണെന്നും നൂതനാശയങ്ങളിൽ അധിഷ്ഠിതമായ പുതിയ സംരംഭമേഖലകളിലേക്ക് അംഗങ്ങൾ കടന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

