സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

24 August 2026
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഓണദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഓഗസ്റ്റ് 27 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കും.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണം.

മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.

ഉത്രാട ദിനമായ ഓഗസ്റ്റ് 25-ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. ഉത്രാടം, തിരുവോണം ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും തിരുവോണ നാളിൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.