‘ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ല’; കാന്തപുരത്തിനെതിരെ രൂക്ഷവിമർശനവുമായി റോജി എം. ജോൺ

31 August 2026
‘ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ല’; കാന്തപുരത്തിനെതിരെ രൂക്ഷവിമർശനവുമായി റോജി എം. ജോൺ

കൊച്ചി: സ്ത്രീകൾ പൊതുവേദിയിലിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഭരണഘടനാപരമായ തുല്യത റദ്ദ് ചെയ്യാനുള്ള ലൈസൻസ് ആർക്കുമില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി വ്യക്തനാക്കി.

അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി പ്രതിലോമകരമാണ്. മാറുമറയ്ക്കാനുള്ള അവകാശത്തിനായി ഉജ്ജ്വല പോരാട്ടം നടന്ന ചരിത്രമുള്ള നാടാണ് കേരളമെന്ന് റോജി എം. ജോൺ ഓർമ്മിപ്പിച്ചു. ഭരണഘടനാപരമായ തുല്യനീതിയിലാണ് രാജ്യം നിലനിൽക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ഈ അവകാശങ്ങൾ സ്ത്രീകൾക്കും കൂടി അവകാശപ്പെട്ടതാണെന്നും, ചരിത്രത്തിന്റെ ചക്രത്തെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ വിവാദ പരാമർശം. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങിഒതുങ്ങി ജീവിക്കണമെന്നും അവർ പൊതുവേദിയിലിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നുമായിരുന്നു കാന്തപുരം അഭിപ്രായപ്പെട്ടത്. ഇതിനെതിരെയാണ് ഇപ്പോൾ ശക്തമായ പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.