ആലപ്പുഴ: തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തിൽ വിശദീകരണവുമായി സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്. തോൽവിയുടെ കാരണങ്ങൾ പാർട്ടി രേഖകളിൽ തന്നെ വ്യക്തമാണെന്നും താൻ പറയാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തോൽവിക്ക് ശേഷം ജനങ്ങളാണ് തിരുത്തേണ്ടത് എന്ന് പറയുന്നത് ശരിയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ പറയേണ്ട കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞുകഴിഞ്ഞിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പാർട്ടിയിൽ ഉടനീളം നടന്ന ചർച്ചകൾക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും രണ്ട് രേഖകൾ അംഗീകരിച്ചിട്ടുണ്ട്. അതിൽ പറയാത്ത ഏതെങ്കിലും കാര്യം ഞാൻ പറഞ്ഞിട്ടുണ്ടോ? ഒരുമണിക്കൂർ നീണ്ട തന്റെ പ്രസംഗത്തിലെ അഞ്ച് മിനിറ്റ് വരുന്ന ഭാഗം മാത്രം വേർതിരിച്ചെടുത്ത് വിവാദമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
താൻ സംസാരിച്ചത് പൂർണ്ണമായും പാർട്ടി കേന്ദ്രകമ്മിറ്റിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണെന്നും പറയാത്ത കാര്യങ്ങൾ വായിച്ചെടുത്ത് വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

