തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയിലും സംഘർഷത്തിലും അന്വേഷണത്തിനായി കെപിസിസി പ്രത്യേക സമിതിയെ രൂപീകരിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയും തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൻ്റെ ചുമതലക്കാരിയുമായ രമണി പി നായർക്കാണ് അന്വേഷണ ചുമതല.
സംഭവത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. നാളെത്തന്നെ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യാനും, ഇരു വിഭാഗങ്ങളുടെയും വിശദാംശങ്ങൾ കേൾക്കാനും കെപിസിസി നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, സംഘർഷവുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമതിരെ ചിറയിൻകീഴ് പൊലീസ് കേസെടുത്തിട്ടുണ്ട്. രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ എസ്.സി, എസ്.ടി അതിക്രമങ്ങൾ തടയൽ നിയമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് പൊലീസ് കേസന്വേഷിക്കുന്നത്.

