സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; നിയന്ത്രണത്തിന് സാധ്യത

6 September 2026
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: കൂടുതൽ വൈദ്യുതിക്കായി ഹ്രസ്വകാല കരാറുകൾക്ക് രണ്ടുതവണ ടെൻഡർ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകാത്തതിനാൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ ജില്ലകളിൽ വൈദ്യുതി നിയന്ത്രണം വരും ദിവസങ്ങളിലും തുടർന്നേക്കും. മഴ കുറയുകയും ചൂട് വർധിക്കുകയും ചെയ്തതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ടിന്റെ വരെ വർധനവാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 80 ശതമാനമായിരുന്ന അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്പോൾ 64 ശതമാനമായി കുറഞ്ഞു. പ്രതീക്ഷിച്ചത്ര നീരൊഴുക്കുമില്ല. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റെന്ന ഉയർന്ന നിലയിലാണ് തുടരുന്നത്.

പീക്ക് സമയത്ത് വൈദ്യുതി ലഭിക്കുന്നതിനായി കെഎസ്ഇബി രണ്ടുതവണ ടെൻഡർ വിളിച്ചെങ്കിലും ഉയർന്ന നിരക്കുകൾ കാരണവും കമ്പനികൾ എത്താതിരുന്നതിനാലും കരാറുകൾ ഉറപ്പിക്കാനായില്ല. യൂണിറ്റിന് 10 രൂപയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പിന്നീട് തിരികെ നൽകാം എന്ന വ്യവസ്ഥയിൽ കടം വാങ്ങുന്ന വൈദ്യുതിയിലൂടെയാണ് നിലവിൽ വലിയ പ്രതിസന്ധിയില്ലാതെ സംസ്ഥാനം മുന്നോട്ട് പോകുന്നത്. വെള്ളിയാഴ്ച മാത്രം 2.21 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇത്തരത്തിൽ വാങ്ങിയിട്ടുണ്ട്. എന്നാൽ വേനൽക്കാലത്ത് വാങ്ങിയ കടം ഇനിയും തിരിച്ചു നൽകാനുണ്ട്. ജലവൈദ്യുതിയുടെ കുറവ് മൂലം പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഇപ്പോൾ ഈ കടം വീട്ടുന്നത്. വൈകീട്ട് നാലര മുതൽ രാവിലെ ഒമ്പതര വരെയുള്ള പീക്ക് സമയത്ത് തത്സമയ വിപണിയിൽ യൂണിറ്റിന് 10 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുന്നത്.