തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിലും അച്ചടക്കലംഘനത്തിലും കർശന നടപടിയുമായി കെപിസിസി. സംഭവത്തിൽ ഇരുവിഭാഗത്തിലുമുള്ള നേതാക്കളെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു.
രമ്യാ ഹരിദാസ് എംഎൽഎയുടെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപ്, പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രാദേശിക നേതാവുമായ എസ്. സജാദ് എന്നിവരെയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്പെൻഡ് ചെയ്തത്.
പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടന്നു എന്ന് കെപിസിസി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ നടപടി പ്രഖ്യാപിച്ചത്.

