അട്ടപ്പാടി: പാലക്കാട് അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് യുവതിയുടെയും അഞ്ചു വയസ്സുള്ള പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയുടെ ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നതിന് പിന്നാലെ ഇയാൾ കേരളം വിട്ടതായാണ് ലഭ്യമാകുന്ന വിവരം.
അട്ടപ്പാടിയിലെ തോട്ടം തൊഴിലാളികളായ ഇതര സംസ്ഥാന ദമ്പതിമാരാണ് ഇരുവരുമെന്നാണ് സൂചന. ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി പുഴയിൽ തള്ളുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഈ കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രതിയെന്ന് സംശയിക്കുന്നയാളെ പ്രദേശത്തുനിന്ന് കാണാതായിട്ടുണ്ട്. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണവും തിരച്ചിലും പോലീസ് ഊർജ്ജിതമാക്കി.
കഴിഞ്ഞ ദിവസമാണ് ഭവാനിപ്പുഴയോരത്തുനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങളും പ്രദേശവാസികൾ കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

