കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ചിത്രങ്ങൾ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗമായ ആലപ്പുഴ സ്വദേശി സനീഷാണ് പിടിയിലായത്.
കേസിലെ മുഖ്യപ്രതിയും കോളേജ് വിദ്യാർഥിയുമായ ശ്രീഹരിയെ കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശ്രീഹരിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ചിത്രങ്ങൾ മോർഫ് ചെയ്ത രീതിയെക്കുറിച്ചും മറ്റ് ഗ്രൂപ്പുകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
സൈബർ ഫോറൻസിക് പരിശോധനയിൽ ലഭിച്ച ഫോൺ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശി സനീഷ് പിടിയിലായത്. വ്യാജവും രഹസ്യവുമായ നമ്പറുകൾ ഉപയോഗിച്ചാണ് പലരും ടെലഗ്രാം ഗ്രൂപ്പിൽ ചേർന്നിരിക്കുന്നത്. ഭാരത് മാതാ കോളേജിന് പുറത്തുള്ളവരും ഈ ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
നിലവിൽ റിമാൻഡിൽ കഴിയുന്ന ശ്രീഹരിയെ ചോദ്യം ചെയ്യുന്നതോടെ കേസിലെ മറ്റ് പ്രതികളെയും ഉടൻ തിരിച്ചറിയാൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്.

