പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിലെ ‘പുരട്ച്ചി’ തീം സോങ് തരംഗമാകുന്നു. വേടൻ എഴുതി ആലപിച്ച ഈ റാപ് ഗാനത്തിന് മുജീബ് മജീദാണ് സംഗീതം നൽകിയിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ ഗാനം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. സ്വന്തം പ്രൊഡക്ഷൻ അല്ലാത്ത ഒരു ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് ഭാവന സ്റ്റുഡിയോസ് സ്വന്തമാക്കുന്നത് ഇതാദ്യമാണ്.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സെൻട്രൽ പിക്ചേർസ് തിയറ്ററുകളിലെത്തിക്കും. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
ആശ്രിത നിയമനത്തിലൂടെ ജോലിയിൽ പ്രവേശിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സെപ്റ്റംബർ 11-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

