സപ്ലൈകോ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: ഏഴ് ജീവനക്കാരെ കൂടി സസ്‌പെൻഡ് ചെയ്തു

9 September 2026
സപ്ലൈകോ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: ഏഴ് ജീവനക്കാരെ കൂടി സസ്‌പെൻഡ് ചെയ്തു

കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകൾക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്. ഓണത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തിൽ ഏഴു ജീവനക്കാരെ കൂടി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും ആരായാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് മുന്നറിയിപ്പ് നൽകി.

പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് ‘കീർത്തി നിർമ്മൽ’ എന്ന സ്വകാര്യ കമ്പനിക്ക് സബ്‌സിഡിയിതര പഞ്ചസാര നിയമവിരുദ്ധമായി കൈമാറിയ സംഭവത്തിലാണ് നടപടി. കേസിൽ നേരത്തെ പെരുമ്പാവൂർ ഡിപ്പോയിലെ മാവേലി കസ്റ്റോഡിയൻ രജീഷ് രവീന്ദ്രനെ സസ്‌പെൻഡ് ചെയ്തിരുന്നു.

സപ്ലൈകോയുടെ ഓണം ഗിഫ്റ്റ് കാർഡ് പദ്ധതി വഴി കീർത്തി നിർമ്മൽ കമ്പനിക്ക് ആയിരം രൂപയുടെ 1000 കൂപ്പണുകൾ നൽകിയിരുന്നു. ഈ കൂപ്പണുകളുടെ തുകയ്ക്ക് പൂർണ്ണമായും സബ്‌സിഡിയിതര പഞ്ചസാര നൽകാനായി മാവേലി കസ്റ്റോഡിയൻ രജീഷ് രവീന്ദ്രൻ ഡിപ്പോയിൽ നിന്ന് വിവിധ ഔട്ട്‌ലെറ്റുകളിലേക്ക് (തുറവൂർ, പാലിശ്ശേരി, കറുകുറ്റി, ശ്രീമൂലനഗരം, പോഞ്ഞാശ്ശേരി, അറക്കപ്പടി) പഞ്ചസാര ഇഷ്യൂ ചെയ്യുകയും ഈ കേന്ദ്രങ്ങളിൽ നിന്ന് ബില്ലടിക്കുകയും ചെയ്തു.

എന്നാൽ, ബില്ലടിച്ച പഞ്ചസാര ഔട്ട്‌ലെറ്റുകളിലേക്ക് അയച്ചത് രേഖകളിൽ മാത്രമായിരുന്നുവെന്നും യഥാർത്ഥ സ്റ്റോക്ക് ഡിപ്പോയിൽ തന്നെ സൂക്ഷിക്കുകയായിരുന്നുവെന്നും സപ്ലൈകോ വിജിലൻസ് ഓഫീസറുടെ പരിശോധനയിൽ കണ്ടെത്തി. സപ്ലൈകോയുടെ സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കാനാണ് വിജിലൻസ് തീരുമാനം.