വൈദ്യുതി പ്രതിസന്ധി: സ്വിച്ചിട്ടതുപോലെ പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല; സണ്ണി ജോസഫ്

9 September 2026
വൈദ്യുതി പ്രതിസന്ധി: സ്വിച്ചിട്ടതുപോലെ പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല; സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്നും, വിഷയത്തിൽ സർക്കാരിന്റെയും കെഎസ്ഇബിയുടെയും ഭാഗത്തുനിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിസന്ധി മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി, പ്രശ്‌നപരിഹാരത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.

ആരുടെയും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല നിലവിലെ സാഹചര്യം ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയും പ്രത്യേക സാഹചര്യങ്ങളുമാണ് ഇതിന് കാരണം. സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇതെന്നും മഴ ലഭ്യതയെക്കൂടി ആശ്രയിച്ചാണ് പൂർണ്ണമായ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പകൽ സമയത്ത് സൗരോർജ്ജ വൈദ്യുതി ലഭ്യമാകുകയും അത് ഗ്രിഡിലേക്ക് നൽകുകയും ചെയ്യുന്നുണ്ടെങ്കിലും, രാത്രികാലങ്ങളിൽ പുറത്തുനിന്ന് വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

രാത്രി സമയങ്ങളിൽ ഒരു യൂണിറ്റിന് 10 രൂപ മുതൽ 16 രൂപ വരെ നൽകാൻ തയ്യാറായാൽ പോലും വിപണിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ കിട്ടാത്ത സ്ഥിതിയാണുള്ളത്. വൈദ്യുതി മുടങ്ങുന്ന സമയം 100 ശതമാനം കൃത്യതയോടെ മുൻകൂട്ടി അറിയിക്കാൻ കഴിയില്ലെങ്കിലും, ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കഴിയുന്നത്ര മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തും.

വർധിച്ചു വരുന്ന വൈദ്യുതി ഉപയോഗം കണക്കിലെടുത്ത് രാത്രികാലങ്ങളിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം പരമാവധി ക്രമീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.