തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിൽ (പി എസ് സി) നടന്ന മൂല്യനിർണയ ക്രമക്കേടിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. പരീക്ഷാ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ശുപാർശ ചെയ്തു.
മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട നിർദേശം ഡിജിപി മുഖേന സർക്കാരിന് കൈമാറി. സർക്കാർ ഈ കത്ത് തുടർനടപടികൾക്കായി പി എസ് സിക്ക് കൈമാറും.
പരീക്ഷയിൽ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതാണ് ഉദ്യോഗസ്ഥരുടെ പ്രധാന വീഴ്ചയായി എസ്ഐടി കണ്ടെത്തിയത്. എന്നാൽ, സാങ്കേതിക പിഴവ് മൂലമാണ് മൂല്യനിർണയം പൂർത്തിയാക്കാൻ കഴിയാതിരുന്നത് എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയ വിശദീകരണം.
ഈ വീഴ്ചയെക്കുറിച്ച് അറിഞ്ഞിട്ടും പി എസ് സിയുടെ ഭാഗത്തുനിന്ന് ഉടനടി തക്കതായ നടപടിയുണ്ടായില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കേവലം സാങ്കേതിക പിഴവിനപ്പുറം എന്തെങ്കിലും തരത്തിലുള്ള ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

