വൈദ്യുതി പ്രതിസന്ധി: മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു; ഉന്നതതല യോഗം ചേന്നു

11 September 2026
വൈദ്യുതി പ്രതിസന്ധി: മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു; ഉന്നതതല യോഗം ചേന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ വിഷയം നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവരാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.

പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയതായി യോഗത്തിനു ശേഷം മുഖ്യമന്ത്രി എക്‌സ് (X) പോസ്റ്റിലൂടെ അറിയിച്ചു. സ്ഥലത്തില്ലാത്തതിനാൽ വൈദ്യുതി മന്ത്രി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

നിലവിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അപ്രതീക്ഷിത പവർകട്ടുകൾ ഒഴിവാക്കുന്നതിനും ലോഡ് ഷെഡ്ഡിംഗ് സമയം കൃത്യമായി ജനങ്ങളെ അറിയിക്കുന്നതിനുമുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ കെഎസ്ഇബിയോട് യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്.