ജെമിനി എഐ സ്വയം വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

19 September 2026
ജെമിനി എഐ സ്വയം വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഓപ്പൺ എഐ, ആന്ത്രോപിക്, മെറ്റ തുടങ്ങിയ പ്രമുഖ സാങ്കേതിക കമ്പനികളുടെ എഐ മോഡലുകൾ നിശ്ചിത സുരക്ഷാനിയന്ത്രണങ്ങൾ മറികടന്ന് പ്രവർത്തിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ, ഗൂഗിളിന്റെ ജെമിനി എഐ മോഡലും സമാനമായ രീതിയിൽ പെരുമാറിയെന്ന വെളിപ്പെടുത്തൽ പുറത്തുവന്നു. സൈബർ സുരക്ഷാശേഷി പരിശോധിക്കുന്നതിനിടെ ഗൂഗിളിന്റെ ജെമിനി എഐ മോഡൽ സ്വയം ഇന്റർനെറ്റിൽ പ്രവേശിച്ച് മറ്റ് കമ്പനികളുടെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി വാൾസ്ട്രീറ്റ് ജേണൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഗൂഗിളിന്റെ ഒരു പ്രൊഡക്ഷൻ എഐ മോഡലിന്റെ ഭാഗത്തുനിന്ന് ഇത്തരം ഒരു പെരുമാറ്റം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്.

സൈബർ സുരക്ഷാ മൂല്യനിർണയം നടത്തുന്ന സ്വതന്ത്ര സ്ഥാപനമായ ‘ഇറെഗുലർ’ (Irregular) കഴിഞ്ഞ മേയിൽ നടത്തിയ ഒരു സുരക്ഷാപരിശോധനയ്ക്കിടെയാണ് ഈ സംഭവം നടന്നത്. ജെമിനി സ്വയം നിയന്ത്രണം ഏറ്റെടുത്ത് പ്രവർത്തിച്ച സന്ദർഭങ്ങളിൽ, പാസ്‌വേഡുകൾ ഊഹിച്ചെടുത്താണ് ഒരു സുരക്ഷിത സിസ്റ്റത്തിലേക്ക് കടന്നുകയറിയത്. മറ്റ് രണ്ട് സന്ദർഭങ്ങളിൽ, ഒരു പബ്ലിക് റിപ്പോസിറ്ററിയിൽ കണ്ടെത്തിയ തിരിച്ചറിയൽ വിവരങ്ങൾ ഉപയോ​ഗിച്ചാണ് എഐ മോഡൽ സംരക്ഷിത സംവിധാനത്തിൽ പ്രവേശിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഓപ്പൺ എഐ, ആന്ത്രോപിക് എന്നിവയുടെ മോഡലുകളിൽ പ്രകടമായ അതേ സുരക്ഷാപ്രശ്നമാണ് ജെമിനിയിലും കണ്ടതെന്ന് ഇറെഗുലർ വക്താവ് വ്യക്തമാക്കി. ജൂലായ് അവസാനത്തോടെ ബന്ധപ്പെട്ട എല്ലാ എഐ ലാബുകളെയും വിവരമറിയിച്ചിരുന്നതായും, തങ്ങളുടെ നിരീക്ഷണത്തിലുള്ള പ്രശ്നങ്ങൾ ആഴ്ചകൾക്കുമുമ്പ് പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, എഐ സാങ്കേതികവിദ്യ മാനവിക നിയന്ത്രണങ്ങൾ മറികടന്ന് സ്വയം തീരുമാനങ്ങളെടുക്കുന്നതും സുരക്ഷാവീഴ്ചകൾ സൃഷ്ടിക്കുന്നതും ആഗോളതലത്തിൽ വലിയ ആശങ്കകൾക്ക് വഴിതുറക്കുകയാണ്. വിഷയത്തിൽ ഗൂഗിളിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.