കോഴിക്കോട്: പ്രമുഖ ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ (85) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അവർ കോഴിക്കോട് തിരുവണ്ണൂരിലെ വസതിയിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.
‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ തനിമയാർന്ന പ്രകടനത്തിലൂടെയാണ് സാവിത്രി ശ്രീധരൻ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഈ ചിത്രത്തിലെ അഭിനയത്തിന് 2018-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.
പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ ‘കറുത്ത വെള്ള’ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് കാര യുവജന കലാസമിതിയുടെ ‘നോട്ടുകൾ’ എന്ന നാടകത്തിലെ കഥാപാത്രം നാടകപ്രേമികൾക്കിടയിൽ ശ്രദ്ധ നേടിത്തന്നു. പതിറ്റാണ്ടുകളോളം നാടകവേദിയിൽ സജീവ സാന്നിധ്യമായിരുന്നു.

