വൈദ്യുതി നിരക്കും സർച്ചാർജും കൂടും: പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

19 October 2026
വൈദ്യുതി നിരക്കും സർച്ചാർജും കൂടും: പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും.

പുതിയ നയമനുസരിച്ചായിരിക്കും 2027-28 മുതൽ 2031-32 വരെയുള്ള അഞ്ചു വർഷത്തെ വൈദ്യുതി നിരക്ക് കമ്മിഷൻ നിശ്ചയിക്കുക. ഇതിൽ നാലുവർഷവും സർച്ചാർജ് ഉണ്ടായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിന്റെ നിശ്ചിത നിരക്കായിരിക്കും സർച്ചാർജ് ഈടാക്കുക. എന്നാൽ മറ്റു വിഭാഗങ്ങൾക്ക് ഫിക്സഡ് ഡെപ്പോസിറ്റിന്റെയും വൈദ്യുതി നിരക്കിന്റെയും നിശ്ചിത ശതമാനമായിരിക്കും സർച്ചാർജ് കണക്കാക്കുക.

ഇതോടൊപ്പം വൈദ്യുതി കൂടുതൽ ആവശ്യമായി വരുന്ന പീക്ക് സമയത്തിന്റെ നിർവചനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവരെ വൈകുന്നേരം ആറുമുതൽ രാത്രി 10 വരെയായിരുന്ന പീക്ക് സമയം ഇനിമുതൽ ആറുമുതൽ രാത്രി 11.30 വരെയായി ദീർഘിപ്പിച്ചു. പീക്ക് സമയത്ത് കൂടിയ നിരക്ക് ഈടാക്കുന്നതിനായി കൂടുതൽ വിഭാഗം ഉപഭോക്താക്കൾ ടി.ഒ.ഡി. മീറ്റർ സ്ഥാപിക്കണമെന്നും പുതിയ നയം നിർദേശിക്കുന്നു. അതേസമയം, രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയുമുള്ള സമയങ്ങളിൽ വൈദ്യുതി നിരക്ക് കുറയ്ക്കാനും നയത്തിൽ വ്യവസ്ഥയുണ്ട്.