കോൺഗ്രസിലെ പരസ്യ വിഴുപ്പലക്കലിൽ താക്കീതുമായി കേന്ദ്രനേതൃത്വം

26 November 2026
കോൺഗ്രസിലെ പരസ്യ വിഴുപ്പലക്കലിൽ താക്കീതുമായി കേന്ദ്രനേതൃത്വം

തിരുവനന്തപുരം: കോൺഗ്രസിലെ പരസ്യ വിഴുപ്പലക്കലിൽ കർശന താക്കീതുമായി കേന്ദ്രനേതൃത്വം രംഗത്തെത്തി. പരസ്യപ്രസ്താവനകൾ പാടില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും കർശന നിർദേശം നൽകി. തർക്കത്തിലേർപ്പെട്ട നേതാക്കളെ നേരിട്ട് വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും എ.ഐ.സി.സി. വ്യക്തമാക്കിയിട്ടുണ്ട്.

നേതൃത്വത്തിന്റെ കർശന നിർദേശത്തോടെ അതിരുവിട്ട ഏറ്റുമുട്ടലിൽ നിന്ന് നേതാക്കൾ വിട്ടുനിന്നെങ്കിലും അവരവരുടെ പക്ഷവും നിലപാടും സൂചനകളിലൂടെ വെളിപ്പെടുത്തി. ഇതിനിടെ ഉമ്മൻചാണ്ടിയുടെ കുടുംബം വിഷയത്തിൽ ഇടപെട്ടതോടെ, ഷാഫി പറമ്പിലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള തീരുമാനത്തിൽ നിന്ന് എ ഗ്രൂപ്പ് പിൻവാങ്ങി.

രാജ്‌മോഹൻ ഉണ്ണിത്താനെയാണ് എതിർക്കേണ്ടതെങ്കിലും അദ്ദേഹത്തെ പിന്തുണച്ച മറിയാമ്മ ഉമ്മന് കൂടിയുള്ള മറുപടിയായി അത് മാറുമെന്ന വിലയിരുത്തലിലാണ് എ ഗ്രൂപ്പ് തീരുമാനത്തിൽ മാറ്റം വരുത്തിയത്. വൈകാരികമായ കാര്യമായതിനാൽ മറുപടി വേണ്ടെന്ന നിലപാടാണ് ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നത്.