തിരുവനന്തപുരം: മുൻ എം.എൽ.എ. ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകി. അജിത് ലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയനോടാണ് കേസെടുക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്.
പ്രസംഗം സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) പ്രകാരം പരസ്പരം ശത്രുത വളർത്തുന്ന വകുപ്പുകൾ ചുമത്താവുന്ന കുറ്റങ്ങൾ പ്രസംഗത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കണ്ണൂരിൽ രാഷ്ട്രീയ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സജിത് ലാലിന്റെ സഹോദരനാണ് പരാതി നൽകിയ അജിത് ലാൽ. കൂത്തുപറമ്പ് രക്തസാക്ഷികളുടെ അനുസ്മരണ ദിനാചരണത്തിൽ സംസാരിക്കുമ്പോഴായിരുന്നു ടി.ഐ. മധുസൂദനന്റെ വിവാദ പരാമർശം.

