പത്തനംതിട്ട: ലഹരിവിരുദ്ധ സംഘടനയുടെ നേതാവെന്ന വ്യാജേന മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവാവ് പോലീസിന്റെ പിടിയിലായി.
എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യനെയാണ് (25) ജില്ലാ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 1.590 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി ഷർഫിൻ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഇയാളുടെ വീട്ടിൽ ഡാൻസാഫ് സംഘം അപ്രതീക്ഷിത പരിശോധന നടത്തി.
വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾക്കിടയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലായിരുന്നു ഇയാൾ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
പരിശോധനയ്ക്കിടയിൽ ഇയാളിൽ നിന്ന് ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ’ എന്ന സംഘടനയുടെ യൂത്ത് വിംഗിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ ഐഡന്റിറ്റി കാർഡും പോലീസ് കണ്ടെടുത്തു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മറവിലാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അറസ്റ്റിലായ ഷർഫിനെ പെരുമ്പെട്ടി സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നത്.
കൊച്ചിയിലെ പാലാരിവട്ടം, ടൗൺ സ്റ്റേഷനുകളിൽ നിലവിൽ ഇയാൾക്കെതിരെ ലഹരിമരുന്ന് കേസുകളുണ്ട്.
കൂടാതെ, കോയിപ്രം സ്റ്റേഷനിൽ സ്ത്രീകളെ ആക്രമിച്ചതുൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

