തിരുവനന്തപുരം: വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ഒന്നരലക്ഷം രൂപ വരെ അടിയന്തര ചികിത്സാച്ചെലവ് അനുവദിക്കുന്ന കേന്ദ്രപദ്ധതിയായ ‘പി.എം. രാഹത്ത്’ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കി.
സംസ്ഥാനത്ത് പദ്ധതിക്ക് തുടക്കമിട്ടതായും എല്ലാവർക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്നും മന്ത്രി സി.പി. ജോൺ അറിയിച്ചു. ഇതിനകം തന്നെ പരിക്കേറ്റ ഒരാൾക്ക് പദ്ധതിയിലൂടെ ചികിത്സാസഹായം ലഭ്യമാക്കിയിട്ടുണ്ട്.
പദ്ധതി പ്രകാരം അപകടവിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ കേന്ദ്ര പോർട്ടലിൽ ഓൺലൈനായി രേഖപ്പെടുത്തുകയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും വേണം. അതേസമയം, ചെറിയ പരിക്കുകളാണെങ്കിൽ കേസെടുക്കാൻ 48 മണിക്കൂർ വരെ സാവകാശം ലഭിക്കും. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനങ്ങൾ ആശുപത്രികളിൽ ഒരുക്കേണ്ടതുണ്ട്.
പദ്ധതിയുടെ ചികിത്സാച്ചെലവ് ഗതാഗതവകുപ്പാണ് വഹിക്കുന്നത്. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളെക്കൂടി ഈ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം നിലവിൽ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

