തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
കൂടാതെ, വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ജൂലൈ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് വിലയിരുത്തൽ.
വടക്കൻ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും മുകളിലായുള്ള ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതാണ് കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാലവർഷം സജീവമാകാൻ കാരണം.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തെക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്.
ഒഡീഷ തീരം, പശ്ചിമ ബംഗാൾ അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും കാലാവസ്ഥ മോശമായിരിക്കുമെന്നും മണിക്കൂറിൽ പരമാവധി 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശവാസികളും മത്സ്യബന്ധനത്തിലേർപ്പെടുന്നവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

