‘തടവുകാരുടെ എണ്ണം കൂടുന്നു; കേരളത്തിൽ പുതിയ സെൻട്രൽ ജയിൽ പരിഗണനയിൽ’: ആഭ്യന്തരമന്ത്രി

9 June 2026
‘തടവുകാരുടെ എണ്ണം കൂടുന്നു; കേരളത്തിൽ പുതിയ സെൻട്രൽ ജയിൽ പരിഗണനയിൽ’: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ തടവുകാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതിയൊരു സെൻട്രൽ ജയിൽ കൂടി സ്ഥാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ജയിൽ ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ സമഗ്രമായ വിലയിരുത്തൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ജയിലുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയുണ്ട്. ഇത് പരിഹരിക്കുന്നതിനൊപ്പം തന്നെ ജയിൽ ജീവനക്കാരുടെ കുറവ് നികത്താനുള്ള അടിയന്തര നടപടികൾ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ജയിൽ സംവിധാനങ്ങളിൽ സമഗ്രമായ പരിഷ്കരണത്തിനാണ് സർക്കാർ തുടക്കമിടുന്നത്.ജയിലുകളെ കേവലം തടവറകളായല്ല, മറിച്ച് കുറ്റവാളികളെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന ‘തെറ്റുതിരുത്തൽ കേന്ദ്രങ്ങളായാണ്’ സർക്കാർ കാണുന്നത്.

ഇതിന്റെ ഭാഗമായി ജയിൽ നടപടികൾ കൂടുതൽ ആധുനികവൽക്കരിക്കും. ഇതിനായി എല്ലാ ജയിലുകളിലും വീഡിയോ കോൺഫറൻസിങ് സൗകര്യം ഉടൻ യാഥാർത്ഥ്യമാക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.