കേരളം വീണ്ടും നിപ ഭിതിയിലാവുകയാണ്. കേരളം മുൻപ് പലതവണ ഈ വെല്ലുവിളിയിലൂടെ കടന്ന് പോയിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഉയർന്ന മരണനിരക്കുള്ള ഈ പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ കൃത്യമായ അവബോധവും മുൻകരുതലുകളും അത്യന്താപേക്ഷിതമാണ്.
ഇപ്പോൾ വീണ്ടും കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ എന്താണ് ഈ നിപ വൈറസ് എന്നും ഇത് പകരുന്നതെങ്ങനെ രോഗത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും അറിഞ്ഞിരിക്കാം
എന്താണ് നിപ വൈറസ്?
ഹെനിപാവൈറസ് ജനുസിലെ പാരമിക്‌സോ വിറിഡേ വിഭാഗത്തിൽപ്പെട്ട ഒരു ആർ.എൻ.എ. (RNA) വൈറസാണ് നിപ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന (Zoonotic Disease) ഈ രോഗം മനുഷ്യരിൽ കടുത്ത മസ്തിഷ്ക ജ്വരത്തിനും ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾക്കും കാരണമാകുന്നു.
നിപ വൈറസ് പകരുന്നതെങ്ങനെ?
വൈറസ് പ്രധാനമായും മൂന്ന് വഴികളിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്:
വവ്വാലുകളിലൂടെ: പഴവർഗങ്ങൾ ഭക്ഷിക്കുന്ന ‘റ്റെറോപസ്’ ജനുസിൽപെട്ട വവ്വാലുകളാണ് നിപയുടെ പ്രകൃതിദത്ത വാഹകർ. ഇവയുടെ മൂത്രം, ഉമിനീര്, കാഷ്ഠം എന്നിവ കലർന്ന സ്രവങ്ങളിലൂടെ വൈറസ് പുറത്തെത്തുന്നു.
മലിനമായ ഭക്ഷണത്തിലൂടെ: വവ്വാലുകൾ കടിച്ചതോ അവയുടെ സ്രവങ്ങൾ വീണതോ ആയ പഴങ്ങൾ (ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയവ), തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് എന്നിവ കഴിക്കുന്നതിലൂടെ രോഗബാധ ഉണ്ടാകാം.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്: രോഗബാധിതരായ വ്യക്തികളുടെ ഉമിനീര്, കഫം തുടങ്ങിയ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്നത് വഴി കൂടെയുള്ളവരിലേക്കോ പരിചരിക്കുന്നവരിലേക്കോ രോഗം അതിവേഗം പടരാം.
പ്രധാന രോഗലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 5 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.കടുത്ത പനി, ശക്തമായ തലവേദന, പേശി വേദന.ചുമ, ശ്വാസതടസ്സം, വിട്ടുമാറാത്ത കഫക്കെട്ട്.രോഗം മൂർച്ഛിച്ചാൽ ഒന്നുരണ്ട് ദിവസത്തിനകം വിഭ്രാന്തി, തലകറക്കം, ബോധക്ഷയം എന്നിവയുണ്ടായി കോമ
അവസ്ഥയിലേക്ക് നയിക്കാം.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
നിപയ്ക്ക് പ്രത്യേക വാക്സിനുകളോ കൃത്യമായ ചികിത്സയോ ഇല്ലാത്തതിനാൽ പ്രതിരോധം മാത്രമാണ് ഏക മാർഗ്ഗം. താഴെ പറയുന്ന മുൻകരുതലുകൾ നിർബന്ധമായും പാലിക്കുക:
- ഭക്ഷണകാര്യങ്ങളിൽ പുലർത്തേണ്ട ശുചിത്വം
പഴങ്ങൾ പരിശോധിക്കുക: വവ്വാലുകൾ കടിച്ചതോ, പക്ഷികൾ കൊത്തിയതോ, നിലത്തു വീണു കിടക്കുന്നതോ ആയ ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കരുത്.
നന്നായി കഴുകുക: പുറത്തുനിന്ന് വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും തൊലി കളയുന്നതിന് മുൻപ് നല്ലതുപോലെ കഴുകി വൃത്തിയാക്കുക.
കള്ള് ഒഴിവാക്കുക: വവ്വാലുകൾ ധാരാളമുള്ള പ്രദേശങ്ങളിൽ തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന ചെത്തു കള്ള് കുടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
- വ്യക്തിശുചിത്വവും സമ്പർക്ക വിലക്കും
കൈകൾ വൃത്തിയാക്കുക: സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക.
അകലം പാലിക്കുക: പനി അല്ലെങ്കിൽ നിപ ലക്ഷണങ്ങളുള്ള വ്യക്തികളിൽ നിന്നും പരിചരിക്കുന്നവർ സുരക്ഷിതമായ അകലം പാലിക്കുക.
വ്യക്തിഗത വസ്തുക്കൾ: രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, വിരികൾ എന്നിവ പ്രത്യേകം സൂക്ഷിക്കുകയും വെവ്വേറെ കഴുകി അണുവിമുക്തമാക്കുകയും ചെയ്യുക.
മാസ്ക് ധരിക്കുക: പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും പോകുമ്പോൾ നിർബന്ധമായും N95 മാസ്കുകളും ഗ്ലൗസുകളും ധരിക്കാൻ ശ്രദ്ധിക്കുക.
- വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ
പന്നികൾ, ആടുകൾ തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് അസുഖ ലക്ഷണങ്ങൾ കണ്ടാൽ അവയുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുകയും മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയും ചെയ്യുക.
അടിയന്തര ശ്രദ്ധയ്ക്ക്: പനിയോടൊപ്പം ശ്വാസതടസ്സമോ മറ്റ് അസ്വസ്ഥതകളോ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിലോ ആരോഗ്യപ്രവർത്തകരെയോ വിവരം അറിയിക്കുക. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക.

